ആത്മഹത്യാ മുനമ്പ്.....

26 March 2008


ഒരു വാഹനം കൂടി കയറ്റം കയറി വരുന്നു.....വെളിച്ചം കണ്ട്‌ പെട്ടിക്കച്ചവടക്കാരന്‍ ഉത്സാഹത്തിലായി...ചെറിയൊരു കോള്‌ ഒത്തിട്ടുണ്ട്‌. അയാള്‍ കെടാറയ തീ ഒന്നുകൂടി ഉന്തിവച്ചു.



അയാള്‍ അതുവരെ നിരാശനായിരുന്നു. കാരണം കുറച്ചു ദിവസങ്ങളായി രാത്രിയില്‍ ഒരു കച്ചവടവും നടന്നിട്ടില്ല. അല്ലാ... ഈ ഓണംകേറാമൂലയിലൂടെ ആര്‌ വരുവാനാണ്‌.....? എന്ത്‌ കാണാന്‍....?



എത്ര പേര്‍ കാണും അതിനകത്ത്‌...? ഒന്ന്‌..., രണ്ട്‌ അതോ നാല്‌...? അയാള്‍ ഓരോ മന:കോട്ടകള്‍ കെട്ടിത്തുടങ്ങി...ദിവസങ്ങളായി വെള്ളം കണാതിരുന്ന ചായക്കറ പിടിച്ച ഗ്ളാസ്സുകള്‍ തട്ടത്തിലേക്ക്‌ എടുത്ത്‌ വച്ചപ്പോഴേക്കും ആ വാഹനം ഒരു ഇരുബലോടെ അയാളില്‍ നിന്നും അല്‍പ്പം മുന്‍പോട്ട്‌ മാറി നിന്നു..



"ദൈവമേ ...ന........ "



പകുതി മനസ്സില്‍ പറഞ്ഞതേയുള്ളു, നിറുത്തിയതിനേക്കാള്‍ കൂടുതല്‍ ഇരുബലോടെ ആ വാഹനം മുന്‍പോട്ടെടുത്തു - മുന്‍പില്‍ മറ്റേതോ ഒരു ലക്ഷ്യം ഉള്ളതുപോലെ...



"ഓരോ മറ്റവന്‍മാര്‍ വന്നുകൊള്ളും, മനുഷ്യനെ മെനക്കെടുത്താന്‍. അവന്‍മാര്‍ ഒരുകാലത്തും ഗതിപിടിക്കൂലാ.... "



ഒരു കച്ചവടം നഷ്ടമായതിന്റെയും, ഉറക്കം നഷ്ട്ടപ്പെട്ടതിന്റെയും സങ്കടത്തില്‍ അയാള്‍ പറഞ്ഞ്‌ തീരുന്നതിന്‌ മുന്‍പ്‌ കുറച്ച്‌ മുന്‍പിലുള്ള ആ അത്യഗാതമായ കൊക്കക്‌ മുന്‍പില്‍ ആ വാഹനം ഒന്നു നിന്നു - പ്രാര്‍ത്ഥിക്കാനെന്നവണ്ണം, മുന്‍പോട്ട്‌ പോകണമോ വേണ്ടയോ എന്ന്‌ ചിന്തിക്കനെന്നവണ്ണം. പിന്നെ എന്തോ ഒരുറച്ച തീരുമാനം എടുത്തിട്ടെന്നവണ്ണം ആ വാഹനം അന്ന്‌ വരെ ആരും കണ്ടിട്ടില്ലാത്തതും, കടന്നുചെല്ലാത്തതുമായ അത്യഗാതത്തിലേക്ക്‌ കൂപ്പുകുത്തി, അതിലിരിക്കുന്ന ആള്‍ക്കരോടൊപ്പം.



- അതായിരുന്നു ആദ്യത്തെ സംഭവം.



അയാള്‍ അലറിക്കരഞ്ഞു. പക്ഷെ സമീപപ്രദേശത്തൊന്നും ജനവാസമില്ലാത്തതിനാല്‍ അയാളുടെ നിലവിളി നിഷ്‌ഫലമായി. ആ പ്രേതങ്ങളുടെ അരികത്തിരിക്കുവാന്‍ ഭയമായ അയാള്‍ ഇറങ്ങി ഓടി - നിലവിളിച്ചുകൊണ്ട്‌.....



കോടമഞ്ഞ്‌ പൂര്‍ണ്ണമായും മാറിയിരുന്നില്ല. കേട്ടറിഞ്ഞ അഞ്ചാറ്‌ കാലിപിള്ളേരും, കുറച്ച്‌ കിഴവന്‍മാരും, നല്ല പ്രായം കഴിഞ്ഞ കുറച്ച്‌ സ്ത്രീകളും, രണ്ട്‌ മൂന്ന്‌ ചാവാലി പട്ടികളും ആ കൊക്കക്ക്‌ മുകളില്‍ വന്ന്‌ നിന്ന്‌ കുറച്ച്‌ താഴെയായി കാണുന്ന മൂടല്‍ മഞ്ഞിനെ നോക്കിനിന്നു. മറ്റൊന്നും അവരുടെ മുന്‍പില്‍ അനാവ്യതമായിരുന്നില്ല. ഒരു തട്ടുപൊളിപ്പന്‍ വണ്ടിയുടെ കരകരാ ശബ്ദം കേട്ട്‌ അവര്‍ തിരിഞ്ഞ്‌ നോക്കി... നീല വണ്ടിയാണ്‌. അക്ഷരം വായിക്കാന്‍ അറിയാത്ത അവര്‍ മനസ്സില്‍ പറഞ്ഞു



"ഏമാന്‍മാര്‍.... !!



രണ്ട്‌ പേരെ അതില്‍ ഉണ്ടായിരുന്നുള്ളു. അവരുടെ ഭാഷയില്‍ വല്യേമ്മാനും, കൊച്ചേമ്മാനും. വല്യേമ്മാന്‌ പറയത്തക്ക പ്രായമില്ല. എന്നാല്‍ നന്നേ ചെറുപ്പവുമല്ല. കൊച്ചേമ്മാനെ നര അതിക്രമിക്കാന്‍ തുടങ്ങിയിട്ട്‌ നാള്‌ കുറച്ചേറയായി. വല്യേമ്മാണ്റ്റെ മുഖത്ത്‌ എന്തോ ഒരു ശോകഭാവം നിഴലിട്ട്‌ നിന്നിരുന്നു - തണ്റ്റെ ആരോ നഷ്ട്ടപ്പെട്ടതുപോലെ......അതുകണ്ട്‌ അവിടെ കൂടിനിന്നവരിലേക്കും ഈ ശോകഭാവം സംക്രമിക്കാന്‍ തുടങ്ങി.....



അദ്ദേഹം താഴേക്കിറങ്ങുവാന്‍ വല്ല വഴിയുണ്ടോ എന്നുനോക്കി കൊക്കയുടെ അരുകിലേക്ക്‌ നടന്നു. കൊച്ചേമ്മാന്‍ പതിയെ പിന്നോട്ട്‌ വലിഞ്ഞ്‌ തന്റെ തനി സ്വഭാവം കാണിക്കാന്‍ തുടങ്ങി.....



"ആരടാ അവര്‍ ചാടുന്നത്‌ കണ്ടത്‌....?"



അയാള്‍ ഒന്നമറി.... ആള്‍ക്കൂട്ടത്തിന്റെയിടയില്‍ ഒതുങ്ങി നിന്നിരുന്ന കച്ചവടക്കാരന്റെ മുട്ടുകള്‍ തമ്മില്‍ കൂട്ടിയിടിക്കാന്‍ തുടങ്ങി... ഒരു വിധേന ഉറഞ്ഞ്‌ തുള്ളുന്ന കൊച്ചേമ്മാന്റെ മുന്‍പില്‍ മിടിക്കുന്ന ഹ്യദയത്തോടെ കയറി നിന്നു.



'ഞാ........'



ശബ്ദം പുറത്തേക്ക്‌ വന്നില്ല.കൊച്ചേമ്മാന്‍ അയാളെ തന്റെ ചോരകണ്ണുകളാല്‍ തറപ്പിച്ച്‌ നോക്കി...ഇതുകണ്ട കച്ചവടക്കാരന്‍ തുള്ളപ്പനി പിടിപ്പെട്ടവനേപ്പോലെ വിറക്കാന്‍ തുടങ്ങി.



'ഞാനെന്ന്‌ വച്ചാല്‍ .....? നിനക്ക്‌ പേരില്ലേടാ......? അവരെ തള്ളിയിട്ടത്‌ നീയല്ലേടാ........?'



കച്ചവടക്കാരന്റെ നേര്‍ക്കുനോക്കി കൊച്ചേമ്മാന്‍ ആക്രോശിച്ചു. ഇതുകേട്ടപാടെ ചക്കവെട്ടിയിട്ടത്‌ പോലെ കച്ചവടക്കാരന്‍ താഴേക്ക്‌ പതിച്ചു.



'എടോ.... അവരെ വിട്ട്‌ താനിങ്ങ്‌ പോരെ.......'



സഹതാപത്തോടെ വല്യേമ്മാന്‍ പറഞ്ഞു. എന്തോ ധീരക്യത്യം ചെയ്‌ത ഭാവത്തോടെ അയാള്‍ വല്ല്യേമ്മാന്റെ സവിധത്തിലണിഞ്ഞു.



'അവരുടെ ശരീരം കിട്ടാന്‍ വല്ല വഴിയുണ്ടോ എന്ന്‌ ഞാനൊന്ന്‌ നോക്കട്ടെ........'



താഴെ കാണുന്ന കോടയിലേക്ക്‌ ഉറ്റുനോക്കികൊണ്ട്‌ വല്ല്യേമ്മാന്‍ പറഞ്ഞു. അയാള്‍ ഒരു നിമിഷം കണ്ണടച്ച്‌ തന്റെ പ്രിയതമയെ ഓര്‍ത്തു. പിന്നെ കണ്ണുതുറന്ന്‌ തന്റെ സഹപ്രവര്‍ത്തകനെ ഒന്ന്‌ തിരിഞ്ഞ്‌ നോക്കി - പണ്ട്‌ കര്‍ത്താവീശോമിശിഹാ ശിമയോന്‍ പത്രോസിനെ നോക്കിയതുപോലെ - അവിടെ കൂടിനിന്നവരോട്‌ എന്തോ ധീരക്രിത്യം നടത്തുവാന്‍ പോകുന്നതുപോലെ അഭിവാദ്യം ചെയ്‌തു. പിന്നെ ആ വാഹനത്തിനെയും, അതിലുള്ളവരേയും അന്വേഷിച്ച്‌ താഴേക്ക്‌ എടുത്ത്‌ ചാടി.......



- അതായിരുന്നു രണ്ടാമത്തേത്‌........... !!!



തന്റെ വല്ല്യേമ്മാന്‍ ഒറ്റക്ക്‌ അവരെ അന്വേഷിച്ച്‌ പോകുന്ന യാത്ര കണ്ട്‌



'ഏമ്മാനെ ഞാനും വരുന്നു'



എന്ന്‌ പറഞ്ഞ്‌ കൊച്ചേമ്മാനും വല്ല്യേമ്മാനെ അനുഗമിച്ചു.



- അതായിരുന്നു മൂന്നാമത്തേത്‌.......... !!!



തന്നെ ഇത്രയും നേരം കബളിപ്പിച്ച് കൊണ്ടിരുന്ന ഒരു മാക്കാച്ചി തവളെയെ പിടികൂടാനായി മുന്നോട്ട്‌ കുതിച്ച ഒരു ചാവാലി പട്ടി അടിതെറ്റി താഴേക്ക്‌ പതിച്ചു.



- അത്‌ എണ്ണാമോ ...? എങ്കില്‍ നാലാമത്തേത്‌....... !!!



കേട്ടറിഞ്ഞ്‌ കേട്ടറിഞ്ഞ്‌ ആളുകള്‍ കൂടി..... സ്‌ത്രീകളായിരുന്നോ....., പുരുഷന്‍മാരാണോ കൂടുതലെന്ന്‌ പറയുവാന്‍ സാധിക്കുമായിരുന്നില്ല. കാരണം എല്ലാവരും വലിയ കരിബടം ആകമാനം വാരി പുതച്ചിരുന്നു. അവര്‍ കാത്തിരിക്കുകയായിരുന്നു; വാഹനത്തില്‍ താഴേക്ക്‌ പോയവരെ വല്ല്യേമ്മാനും, കൊച്ചേമ്മാനും കൂടി കൊണ്ടുവരുന്നതും കാത്ത്‌.....



ഒരു നിലവിളിയും, മാറത്തടിയും കേട്ട്‌ എല്ലാവരും തിരിഞ്ഞു നോക്കി..... ഒരു ഗര്‍ഭണിയായ സ്‌ത്രീ ഓടി വരുന്നു.



- 'വല്ല്യേമ്മാണ്റ്റെ ഭാര്യയാണ്‌....... '



അവര്‍ പിറുപിറുത്തു. അന്തിവെയിലേറ്റ്‌ തിളങ്ങികൊണ്ടിരുന്ന അവരുടെ വൈരമൂക്കുത്തിയിലായിരുന്നു അവിടെ കൂടിനിന്ന സ്‌ത്രീകളുടെ ശ്രദ്ധ; പുരുഷന്‍മാരുടേത്‌ അവരുടെ നിറഞ്ഞ മാറിലും......



അവര്‍ വന്നപാടെ എല്ലാവരെയും ഒന്ന്‌ പകച്ച്‌ നോക്കി; പിന്നെ തന്റെ ഭര്‍ത്താവ്‌ സഞ്ചരിച്ചിരുന്ന വാഹനത്തെ നോക്കി. അതില്‍ വച്ചിരുന്ന ഭര്‍ത്താവിന്റെ‌ തൊപ്പിയെടുത്ത്‌ മാറോട്‌ ചേര്‍ത്തു. പിന്നെ തന്റെ‌ ഭര്‍ത്താവിനെയന്വേഷിച്ച്‌ താഴേക്ക്‌ കുതിച്ചു. ആരും തടഞ്ഞില്ല..... കാരണം അവള്‍ തന്റെ‌ ഭര്‍ത്താവിനെയന്വേഷിച്ച്‌ പോയതാണല്ലോ..... ?



- അത്‌ അഞ്ചാമത്തേത്‌..... അല്ല + അര (കാരണം അവള്‍ ഗര്‍ഭണിയായിരുന്നു)



ജനം കാത്തിരുന്നു; ഇനിയാരെങ്കിലും ആ വാഹനത്തില്‍ വന്നവരെ അന്വേഷിച്ച്‌ പോകുന്നുണ്ടോ എന്ന്‌ നോക്കി. എന്നാല്‍ അവര്‍ നിരാശരായി..... ആരും ആരെയും അന്വേഷിച്ച്‌ പോയില്ല.



സൂര്യന്‍ അസ്തമിച്ചു. -ഒന്നാം ദിവസം.



അന്നത്തെ balance sheet ഇപ്രകാരമായിരുന്നു.



- വാഹനത്തിലിരുന്നവര്‍ (ക്യത്യമായി അറിയില്ല എങ്കിലും ഏകദേശം) - 02



- വല്ല്യേമ്മാന്‍ - 01



- കൊച്ചേമ്മാന്‍ - 01



- പട്ടി (അതിനെ എണ്ണത്തില്‍ കൂട്ടാമോ ? അതുംജീവനുള്ളത്‌ തന്നെയാണല്ലോ.... ?) - 01



- ഭാര്യ (ഗര്‍ഭണി 1 + 1/2) - 1 1/2



ആകെ അഞ്ചര മനുഷ്യര്‍ + 1 പട്ടി.



രണ്ടാം ദിവസമായി..... പ്രഭാതം.



ഒരു വലിയ ജനസഞ്ചയം ആ കൊക്കക്ക്‌ മുന്‍പില്‍ ഒത്തുകൂടി. പക്ഷെ അവര്‍ നിരാശരായി. കാരണം ഒത്തിരി വല്ല്യേമ്മാന്‍മാര്‍ ആ സ്തലം സന്ദര്‍ശിച്ചതൊഴികെ ആരും ആരെയും അന്വേഷിച്ച്‌ പോയില്ല.അങ്ങനെ ഇങ്ങനെയൊരു സ്തലം ഈ ഭൂമിമലയാളത്തില്‍ ഉണ്ടെന്ന്‌ ഈ സംഭവം മൂലം പൊതുജനം അറിഞ്ഞു.



പിന്നെയൊരൊഴുക്കായിരുന്നു..... അന്നന്നത്തെ balance sheet തയ്യാറാക്കാന്‍ ആര്‍ക്കും സാധിക്കുമായിരുന്നില്ല. അന്വേഷിച്ച്‌ പോകുന്നവര്‍ അത്രമാത്രം ഉണ്ടായിരുന്നു.



ഡല്‍ഹി, കാഷ്മീര്‍, മുംബൈ, ഹൈദരാബാദ്‌, മധുര, തിരുവനന്തപുരം എന്തിന്‌ ഈ കാസറഗോഡ്‌ നിന്നുപോലും ആളുകള്‍ അങ്ങോട്ടൊഴുകി..... ഒറ്റയായും; പെട്ടയായും - പെട്ടയാകുബോള്‍ ഒരാണും ഒരു പെണ്ണും നിര്‍ബന്ധം. ഇന്ത്യയില്‍ നിന്നു മാത്രമല്ല വിദേശനാടുകളില്‍ നിന്നുപോലും ആളുകള്‍ തങ്ങള്‍ക്ക്‌ മുന്‍പേ പോയവരെ അന്വേഷിച്ച്‌ യാത്രയാകാന്‍ തുടങ്ങി....., കൈകോര്‍ത്ത്പിടിച്ച്‌.....



ഇന്നത്‌ ആത്മഹത്യാ മുനമ്പ് എന്നറിയപ്പെടാന്‍ തുടങ്ങി. അന്വേഷിച്ച്‌ പോക്ക്‌ അത്ര ശരിയല്ലന്ന്‌ തോന്നിയ സര്‍ക്കാര്‍ അതിനുചുറ്റും മുള്ളുവേലി കെട്ടി. എന്നിരുന്നാലും എടക്കിടെ ആ മുള്ളുകബികളെ അവഗണിച്ച്കൊണ്ട്‌ ചിലര്‍ ഒറ്റയായും, പെട്ടയായും അന്വേഷിച്ച്പോക്ക്‌ തുടര്ന്നുകൊണ്ടേയിരുന്നു.ഇന്ന്‌ ആ സഥലം അപ്പാടെ മാറി. ഇന്നത്‌ ഒരു സുഖവാസ കേന്ദ്രം ആണ്‌. ഒറ്റപ്പെട്ട്‌ കിടന്നിരുന്ന ആ പ്രദേശം കൂറ്റന്‍ കെട്ടിടങ്ങളാല്‍ നിറഞ്ഞ്‌ കിടക്കുന്നു.



അന്നത്തെ ആ ചായകച്ചവടക്കാരന്‍ രണ്ട്‌ കൂറ്റന്‍ പഞ്ചനക്ഷത്ര ഹോട്ടലുകളുടെ സ്വന്തക്കാരനായി തീര്‍ന്നിരിക്കുന്നു.



ഇന്നയാള്‍ക്ക്‌ അന്നവിടെ നിര്‍ത്താതെ പോയ ആ യാത്രക്കാരോട്‌ സ്നേഹമാണ്‌..... അവര്‍ വണ്ടി നിര്‍ത്തിയിരുന്നെങ്കില്‍, ചായ കുടിച്ചിരുന്നെങ്കില്‍.....ഒരുപക്ഷെ ഒരു വീണ്ടുവിചാരം വന്ന്‌ തങ്ങളുടെ ഉദ്ദ്യമം ഉപേഷിച്ചിരുന്നെങ്കില്‍..... എങ്കില്‍ താനിപ്പോഴും........ ദൈവത്തിന്റെ ഓരോ കളികളേ.................



© saboose



Post a Comment

  © Blogger template On The Road by Ourblogtemplates.com 2009

Back to TOP