കുറ്റവും ശിഷയും..

03 April 2008

ഡിസംബര്‍‌ മാസത്തിലെ ഒരു നനുത്ത പ്രഭാതത്തിലേക്കാണ്‌ നീണ്ട 25 വര്‍‌ഷത്തെ വേര്‍‌പാടിനു ശേഷം ജന്മനാടായ ‘‘മഹാലോകം എന്ന മാലോത്തേക്ക്‌‌ ’’ ദൂരെയുള്ള ഒരു മഹാനഗരത്തില്‍‌ നിന്ന്‌‌ അയാള്‍‌ കടന്നുവന്നത്‌.


അയാള്‍‌ ജനിച്ചതും, ഒരു ദശാബ്‌തക്കാലം വളര്‍‌ന്നതും ഇവിടെയായിരുന്നു. 10 വയസ്സില്‍‌ തനിക്ക്‌‌ നഷ്ട്‌‌പ്പെട്ട, മനസ്സിന്റെ ഒരു കോണില്‍‌ എന്നും ഗൃഹാതുരതയോടെ പച്ചപുതച്ച്‌‌ നിന്നിരുന്ന ഗ്രാമ വിശുദ്ധിയിലേക്കുള്ള, എപ്പോഴും മനസ്സുകൊണ്ട്‌‌ നടത്തിയിരുന്ന സ്വപ്‌‌നത്തിന്റെ പൂര്‍‌ത്തികരണമായിരുന്നു കാല്‍‌ നൂറ്റാണ്ടിനു ശേഷമുള്ള അയാളുടെ ഈ സന്ദര്‍‌ശനം.




മനസ്സില്‍‌ ഛായക്കൂട്ടുകള്‍കൊണ്ട്‌‌ ചാലിച്ചൊരുക്കിയിരുന്ന ഗ്രാമത്തിന്റെ ചിത്രമായിരുന്നില്ല; മറിച്ച്‌‌ ഒരു ചെറു പട്ടണമായിരുന്നു അയാളെ എതിരേറ്റതു്‌. ഗ്രാമത്തിന്റെ വിശുദ്ധി നഷ്ടപ്പെട്ട്‌‌, നഗരത്തിന്റെ കളങ്കം ഏറ്റുവാങ്ങി നില്‍‌ക്കുന്ന ഇന്നത്തെ ആ പട്ടണത്തിലൂടെ, ദിശ നഷ്ടപ്പെട്ട കപ്പിത്താനേപ്പോലെ, കാലുകള്‍‌ ഇടറി ഇടറി അയാള്‍‌ നടന്നു.


മദ്ധ്യാഹ്നം വരെ അയാള്‍‌ ഒരിക്കല്‍‌ തന്റെ സ്വന്തമായിരുന്നതും, എന്നാല്‍‌ ഇപ്പോള്‍‌ അപരിചതവുമായ ഇടങ്ങളിലൂടെ അലഞ്ഞ്‌‌ നടന്നു. ഒരിക്കല്‍‌ വിശാലമായ നെല്‍‌പാടമായിരുന്നതും, ഇപ്പോള്‍‌ റബര്‍‌ കാടുകളാലും കമുകിന്‍‌ തോട്ടങ്ങളാലും ഇരുണ്ട്‌‌ കിടക്കുന്ന പാതയിലൂടെ തന്റെ പഴയ വീട്‌‌ ലക്ഷ്യമാക്കി നടന്നു.


അയാളെ കടന്നു പോയവരെല്ലാം ഒരു അന്യഗൃഹ ജീവിയേപ്പോലെ തുറിച്ചു നോക്കി. ചില കുട്ടികളാകട്ടെ മൂക്കില്‍‌ വിരലിട്ട്‌‌ രസിച്ച്‌‌കൊണ്ട്‌‌ അയാളെ പല്ലിളിച്ചുകാണിച്ചു.

ഒരിക്കല്‍‌ ഏറ്റവും സ്നേഹിച്ചിരുന്ന വീടിരുന്നിടം പന്നിക്കൂടായി മാറിയിരിക്കുന്നത്‌‌ അയാള്‍‌ കണ്ടു. പിതൃക്കളെ അടക്കം ചെയ്തിരുന്നിടത്ത്‌‌ ഒരു വലിയ കുളവും.

ചുറ്റുപാടുകളില്‍‌ പരിചിത മുഖങ്ങള്‍‌ തേടി അയാളുടെ കണ്ണുകള്‍‌ ഉഴറി നടന്നു. അതൃപ്തമായ സ്ത്രീമുഖങ്ങളെയും, പൈശാചിക ഭാവം പൂണ്ട പുരുഷന്മാരേയും, തമ്മിലടിച്ച്‌‌കൊണ്ടിരിക്കുന്ന ബാല്ല്യങ്ങളേയുമാണു്‌ എങ്ങും കാണുവാന്‍‌ സാധിച്ചതു്‌.

പഴയ മുഖങ്ങളെ ഒന്നൊന്നായി ഓര്‍‌ത്തെടിക്കാന്‍‌ അയാള്‍‌ ശ്രമിച്ചു... ഒരിക്കല്‍ താന്‍‌ അഹങ്കരിച്ചിരുന്ന ഓര്‍‌മ്മകള്‍‌ പിടിയില്‍‌‌ നിന്ന് വഴുതിപോകുന്നത്‌ നടുക്കത്തോടെ അയാള്‍‌ അറിഞ്ഞു; ഒപ്പം ഗ്രാമം മുന്നേറിയെങ്കിലും ഗ്രാമവാസികള്‍‌ കാല്‍‌നൂറ്റാണ്ട്‌‌ പിന്നിലേക്കാണ്‌‌ നടന്നതെന്ന സത്യവും, അതോടൊപ്പം ആരൊക്കെയോ തന്നെ പിന്തുടരുന്നുണ്ടെന്ന തോന്നലും അയാളെ നടുക്കി.

സായാഹ്നത്തില്‍‌ പട്ടണത്തില്‍‌ കൂടിനിന്നവര്‍‌ പൊടുന്നനെ പ്രത്യഷപ്പെട്ട അപരിചിതനെ ഒരു ശത്രുവിനേപ്പോലെ വീക്ഷിച്ചുകൊണ്ടിരുന്നു. താന്‍ എങ്ങോട്ടു നീങ്ങിയാലും അവരുടെ കണ്ണുകള്‍‌ തന്നെ പിന്തുടരുന്നതായി അയാള്‍‌ മനസ്സിലാക്കി. അവരില്‍‌ നിന്നു്‌ രക്ഷപെടാനായി അയാള്‍‌ മുന്‍പോട്ടു നടന്നു. അത്‌‌ മനസ്സിലാകിയിട്ടെന്നവണ്ണം രണ്ട്‌‌പേര്‍‌ അയാളെ തടഞ്ഞു നിര്‍‌ത്തി. അവര്‍‌ക്കു പിന്നില്‍‌ രണ്ട്‌‌ നാലായി...നാല്‌ എട്ടായി....എട്ട്‌‌.........നിമിഷങ്ങള്‍‌ക്കുള്ളില്‍‌ ഒരു വന്‍‌ ജനസഞ്ചയം അവിടെ പ്രത്യഷപ്പെട്ടു. ഭീതിക്കിടയിലും ഇത്രയും പേര്‍‌, ഇത്ര പെട്ടന്നു്‌, എവിടെ നിന്നു്‌ എത്തിചേര്‍‌ന്നു എന്നതു്‌ അയാള്‍‌ക്കു്‌ ആശ്ചര്യമായി.

അനുവാദമില്ലാതെ ഗ്രാമത്തില്‍‌ പ്രവേശിച്ചതിനുള്ള അയാളുടെ വിശദീകരണം അവര്‍‌ ആക്രോശത്തോടെ തള്ളിക്കളഞ്ഞു. തന്നെ അറിയുന്ന, തനിക്ക്‌ അറിയുന്ന ആരെങ്കിലും ഈ കൂട്ടത്തിലുണ്ടോ എന്നയാള്‍ തിരഞ്ഞുകൊണ്ടിരുന്നു. പക്ഷെ പൈശാചികതയോടെ കൊലവിളി നടത്തുന്ന ഒരു കൂട്ടത്തേയാണ്‌ അയാള്‍‌ക്ക്‌‌ കാണുവാന്‍‌ സാധിച്ചതു്‌.

അവരുടെ അട്ടഹാസങ്ങളില്‍‌ നിന്നു്‌ തന്റെ ജന്മം പോലെതന്നെ അവസാനവും ഈ മണ്ണില്‍‌ തന്നെയെന്നു്‌ ഏകദേശം അയാള്‍‌ക്കു്‌ ബോദ്ധ്യമായി.

തങ്ങളുടെ രാജ്യത്ത്‌‌ കടന്നവന്‌ എന്തു ശിക്ഷ നല്‍‌കണമന്ന കാര്യത്തില്‍‌ അവര്‍‌തമ്മില്‍‌ ചേരിതിരിഞ്ഞ്‌‌ തര്‍‌ക്കമായി. തര്‍‌ക്കത്തിനൊടുവില്‍‌ ചിട്ടിയിടാന്‍‌ അവര്‍‌ തീരുമാനിച്ചു. ഒന്നില്‍‌ മരണവും മറ്റൊന്നില്‍‌ അംഗഛേദവും.

പൊടുന്നനെ അവിടമാകെ പരന്ന ശാന്തതയില്‍‌ അയാളുടെ ഹൃദയമിടിപ്പും, നെടുവീര്‍‌പ്പുകളും മാത്രം ഉയര്‍ന്നുകേട്ടു.

ജീവന്‍‌ മടക്കി കിട്ടിയതിലുള്ള ആശ്വാസത്തോടെ നിന്ന അയാളെ അവര്‍‌ സഹതാപത്തോടെ നോക്കി. ദിഗന്തം നടുങ്ങുമ്മാറുച്ചത്തില്‍‌ അട്ടഹസിച്ച്‌‌കൊണ്ട്‌‌ അവര്‍‌ അവനിലേക്കടുത്തു. ഒരായിരം കൈകള്‍‌ അയാളെ തൂക്കിയെടുത്ത്‌‌ ഒരു തിരമാലയിലെന്നവണ്ണം നഗര കവാടത്തിലേക്ക്‌‌ കൊണ്ടുപോയി. ആ കരതിരമാലകളില്‍‌ മുങ്ങിതാണുകൊണ്ടിരിക്കുബോള്‍‌ നിരവധി കരങ്ങള്‍ അയാള്‍‌ക്കുമേലെ പതിച്ചുകൊണ്ടിരുന്നു.

മാംസപിണ്ഢമായി കഴിഞ്ഞിരുന്ന അയാളെ അവര്‍‌ നഗരകവാടത്തിന്‌ പുറത്തേക്കിട്ടു. പിന്നെ അതുവരെ അവരുടെ ആക്രോശങ്ങള്‍‌ കേട്ട്‌‌ പൊട്ടിയൊലിച്ച ചെവികള്‍‌ അവര്‍‌ അറുത്തെടുത്തു.

തന്നെ പൊതിയന്നവരുടെ ശരീരത്തില്‍‌ നിന്നുതിരുന്ന ദുര്‍‌ഗന്ധം ഏറ്റുവാങ്ങി അടഞ്ഞുപോയിരുന്ന അയാളുടെ നാസിക‌ അവര്‍‌ ഛേദിച്ചെടുത്തു.

കൊലവിളി നടത്തി തന്നിലേക്ക്‌‌ പാഞ്ഞടുക്കന്നവരെ കാണാതിരിക്കാനായി ഇറികിയടച്ച കണ്ണുകളെ അവര്‍‌ ചൂഴ്‌‌ന്നെടുത്ത്‌‌ ലോകത്തിലേക്കുള്ള അയാളുടെ കാഴ്‌‌ചകളും മറച്ചു.

തനിക്കുമേല്‍‌ വീഴുന്ന പ്രഹരങ്ങളെ പ്രതിരോധിച്ച്‌‌കൊണ്ടിരുന്ന അയാളുടെ തളര്‍ന്ന കരങ്ങള്‍‌ അവര്‍‌ കൊത്തിയരിഞ്ഞു.

അവരില്‍‌നിന്നു്‌ ഓടിയകലാന്‍‌ കൊതിച്ചിരുന്ന കാലുകളെ അവര്‍‌ വെട്ടിമാറ്റി.

ശേഷം അതുവരെ സ്ത്രീയെ അറിഞ്ഞിട്ടില്ലാത്ത അയാളുടെ ലിംഗം അവര്‍ അരിഞ്ഞെടുത്ത്‌‌ പൊടിമണ്ണിലേക്കെറിഞ്ഞു.

ഒടുവില്‍‌ അതുവരെ നിലവിളിച്ചുകൊണ്ടിരുന്ന അയാളുടെ നാവ്‌‌ അവര്‍‌ പിഴുതെടുത്തു.

പ്രകാശം പൂര്‍ണ്ണമായും മറഞ്ഞുകഴിഞ്ഞു. കിഴക്കന്‍‌ മലയില്‍‌നിന്നുള്ള കോടമഞ്ഞ്‌‌ അവിടമാകെ പരക്കാന്‍‌ തുടങ്ങി. ശിഷ നടപ്പക്കിയ ആള്‍‌ക്കൂട്ടം ഓരോരുത്തരായി പിരിഞ്ഞുപോയി. ഒടുവില്‍ അയാളുടെ ചിന്നിചിതറി കിടക്കുന്ന ശരീരഭാഗങ്ങള്‍‌ മാത്രം അവിടെ ശേഷിച്ചു.

അവര്‍‌ അരിഞ്ഞെടുത്ത്‌‌ പൊടിമണ്ണിലേക്ക്‌‌ വലിച്ചെറിഞ്ഞ അയാളുടെ കന്യകനായ ലിംഗം ഒരു ചാവാലി പട്ടിയുടെ വായിലിരുന്ന് അപ്പോഴും വിറച്ചുകൊണ്ടിരുന്നു....



© saboose

Read more...

  © Blogger template On The Road by Ourblogtemplates.com 2009

Back to TOP