ചാക്കോയും മരണവും.....

26 March 2008

ഞാന്‍ മരിച്ചു !!



ഈ ഞാനെന്നു വച്ചാല്‍ ഒരു പേരൊക്കേ വേണ്ടേ ?



x or y ?



ഏയ്‌; അതു ശരിയാകില്ല...ശരിയായ പേരില്‍ തനൈ അറിയട്ടെ.



ചാക്കോ - പുത്തന്‍പുരക്കല്‍ ചാക്കോ- അങ്ങനെ ചാക്കോ എന്ന (വയസ്സ്‌ 32, അഞ്ച്‌ ഏക്കര്‍ സ്ഥലം, ഒരു ഭാര്യ (?) രണ്ട്‌ മക്കള്‍ എന്നിവ സ്വന്തക്കാരനായുള്ള) ഈ ഞാന്‍ മരിച്ചു.



മരണം രാവിലെ 7.35-നായിരുന്നു. പ്രഭാതത്തിലെ ദില്ലി വാര്‍ത്തകള്‍ക്ക്‌ ശേഷം. അതുവരെ മരണത്തെ ഞാന്‍ തടഞ്ഞുനിര്‍ത്തി. ഒരു ദിവസത്തെ വാര്‍ത്തകളറിയാതെ എങ്ങനെ ചാകും ? ചത്തുകഴിഞ്ഞാലും ഒരു മന:സമാധാനം ഒക്കെ വേണ്ടേ.....?



അല്ലെങ്കില്‍ അമേരിക്ക ഇറാക്കില്‍ എത്ര ബോംബ്‌ പൊട്ടിച്ചു, അച്ചുമാമനോ അതോ പിണറായിയോ അങ്കം ജയിച്ചത്‌, സച്ചിന്‍ തന്റെ 50th സെഞ്ചുറി അടിച്ചോ.....? ഇങ്ങനെ പോകും പെട്ടിയില്‍ കിടന്നുള്ള എന്റെ ചിന്തകള്‍..... അതുകൊണ്ടാണ്‌ മരണത്തെ 7.35 വരെ തടഞ്ഞുനിര്‍ത്തിയത്‌.



9 മണിയുടെ ദൂരദര്‍ശന്‍ ന്യൂസ്‌ കൂടി കാണണമെന്നുണ്ടായിരുന്നു; അതിച്ചിരി കടന്ന ആശയായതുകൊണ്ട്‌ അങ്ങ്‌ ഒഴിവാക്കി.......



ആദ്യം അറിഞ്ഞത്‌ എന്റെ ഭാര്യ ആണ്‌. നെറ്റിചുളിക്കേണ്ടാ...., ഞാന്‍ താലി കെട്ടിയ, ഇന്നു മുതല്‍ മരണം വരെ എന്ന്‌ വിശുദ്ധ ബൈബിള്‍ മുബാകെ സത്യം ചെയ്ത്‌, കൈ പിടിച്ച്‌ ഞാന്‍ കൂട്ടികൊണ്ട്‌ വന്ന എന്റെ സ്വന്തം ഭാര്യ തന്നെ.



ദിനചര്യുടെ ആദ്യപടിയെന്നവണ്ണം തന്റെ കണവന്‌ കട്ടന്‍ കാപ്പിയുമായി വന്നതാണ്‌ കണവി. പതിവിന്‌ വിപരീതമായി ആബറന്നോന്‍ കണ്ണു രണ്ടും തുറിച്ച്‌, വാ അടച്ച്‌ കിടക്കുന്നു. എന്നും കണികാണുന്നത്‌ ഈത്ത ഒലിച്ച പാടുകളോടെ പൊളിച്ച വായുമായി കിടക്കുന്ന കണവനെയാണ്‌.



ക്ഷണം വാര്‍ത്ത നാട്ടുകാര്‍ അറിഞ്ഞു. കാരണം പെബറന്നോത്തിയുടെ പെരുബറ പോലുള്ള നെഞ്ചത്തടി ശബ്ദം പറബില്‍ ഭൂമികുലുക്കം എന്ന്‌ വിചാരിച്ച്‌ നാട്ടുകാര്‍ ഓടികൂടി....കേട്ടവര്‍ കേട്ടവര്‍ മൂക്കത്ത്‌ വിരല്‍ വച്ചു.



'എന്തു നല്ല ചെറുപ്പക്കാരനായിരുന്നു!!! ഇതാ പറയുന്നത്‌ ദൈവത്തിന്‌ കണ്ണ്‌ കാണില്ല എന്നു്‌ '.



ഇനി ഒരു പത്തു ഓണം കൂടി ഉണ്ണാന്‍ തയ്യാറായി കുഴിയിലേക്കു്‌ കാലും നീട്ടിയിരിക്കുന്ന അമ്മായിയമ്മമാരെ നോക്കി മരുമക്കള്‍ പറഞ്ഞു.



പള്ളിയില്‍ ഒറ്റയും പെട്ടയും മണി അടിച്ചു...ആളുകള്‍ ഓടിക്കൂടി...അവരോടായി വികാരിയച്ചന്‍ പറഞ്ഞു;



"പുത്തന്‍പുരക്കല്‍ ചാക്കോ, കര്‍ത്താവില്‍ വിലയം പ്രാപിച്ചിരിക്കുന്ന വിവരം വ്യസന സമേതം അറിയിക്കുന്നു".



എന്റെ മരണവാര്‍ത്തയറിഞ്ഞ്‌ കുറച്ച്‌ പേര്‍ ഞെട്ടും എന്നെനിക്കുറപ്പുണ്ടായിരുന്നു.



ഞെട്ടി; ആദ്യം ഞെട്ടിയത്‌ എന്റെ അമ്മായിയപ്പനാണ്‌.!!



നെറ്റിചുളിക്കേണ്ടാ, എന്റെ ഭാര്യ തെയ്യാമയുടെ അപ്പന്‍!!! മകള്‍ വിധവ ആയതുകൊണ്ടല്ല, ആരും അറിയാതെ അബതിനായിരം രൂപ മരുമകനു്‌ കൊടുത്തിരുന്നു. സ്വന്തം മകള്‍ തെയ്യാമ പോലും സംഗതി അറിഞ്ഞിട്ടില്ല. തന്റെ അബതിനായിരവും അതിന്റെ പലിശയും വെള്ളത്തിലായല്ലോ എന്റെ കര്‍ത്താവെ എന്നോര്‍ത്ത്‌ അവറാന്‍ (അമ്മായിയപ്പന്റെ പേരാണ്‌ കേട്ടോ...നാട്ടുകാര്‍ വിളിക്കുന്നത്‌ എരപ്പനവറാന്‍- ഞാനങ്ങനെ വിളിക്കുന്നത്‌ ശേലുകേടല്ലയോ....?) ആദ്യത്തെ അടി ചങ്കിന്‌ തന്നെ കൊടുത്തു.



വിവരം അറിയിച്ച്‌ ചെന്നവര്‍ പരസ്പരം പറഞ്ഞു,



" എന്ത്‌ സ്നേഹമുള്ള അമ്മായിയപ്പന്‍ !!!"



ഇനി വീട്ടിലേക്ക്‌ തന്നെ മടങ്ങി വരാം. ഒട്ടുമിക്ക ബന്ധുക്കളും തന്നെ വന്നെത്തിയിരിക്കുന്നു. തലക്കിലിരിക്കുന്ന സാബ്രാണിയുടെ മണം എനിക്കത്ര പിടിക്കുന്നില്ല. ഇവന്മാര്‍ക്ക്‌ ഇത്തിരി വിലകൂടിയത്‌ മേടിച്ച്‌ വയ്ക്കാന്‍ മേലേ....?



പുറത്ത്‌ മരണ ഒപ്പീസ്‌ തകര്‍ത്തടിക്കുന്നു. ഒപ്പം കട്ടന്‍ ചായ വിതരണവും. ചെറുപ്പക്കാര്‍ കയ്യാലപുറത്തിരുന്ന്‌ ക്ഷണികമായ മനുഷ്യജീവിതത്തേക്കുറിച്ച്‌ ചര്‍ച്ച നടത്തുന്നു. എന്റെ സ്നേഹിതരും, സമപ്രായക്കാരും ഞാന്‍ ചെയ്ത ഓരോ കാര്യങ്ങളും എണ്ണിപറഞ്ഞ്‌ ഇരിക്കുന്നു;



എല്ലാം നല്ല കാര്യങ്ങളാണേ......!!! അല്ല, മോശം കാര്യങ്ങളൊന്നും വെളിച്ചത്ത്‌ ചെയ്തിട്ടില്ല....അതാ പറയുന്നത്‌ അര്‍ദ്ധരാത്രിക്ക്‌ സൂര്യനുദിക്കണമെന്ന്‌.....



പ്രായമായവരോ ഇന്ന്‌ ഞാന്‍ നാളെ ആര്‌ എന്നോര്‍ത്ത്‌ ആകുലപ്പെട്ടുകൊണ്ട്‌ താലത്തില്‍ കൊണ്ടുവച്ച മുറുക്കാന്‍, പുകയിലാദികള്‍ ഒരു ദാഷിണ്യവും കൂടാതെ ഓസില്‍ വായിലേക്കിടുന്നു.



എന്റെ രണ്ട്‌ തങ്കകുടങ്ങള്‍ സയാമീസ്‌ ഇരട്ടകളേപ്പോലെ കെട്ടിപ്പിടിച്ച്‌ ഉറങ്ങുന്നു. മരണം വരെ നോക്കിക്കൊള്ളാം എന്ന്‌ ഉറപ്പ് കൊടുത്ത്‌ താലികെട്ടികൊണ്ടുവന്ന എന്റെ സ്വന്തം ഭാര്യ എന്റെ തലക്കല്‍ തലയില്‍ കൈയും കൊടുത്തിരിക്കുന്നു.



ഞാനോ.....ഞാന്‍ എവിടെ എല്ലാം കണ്ടുകൊണ്ടും, കേട്ടുകൊണ്ടും, അറിഞ്ഞുകൊണ്ടും അനങ്ങാനാവാതെ, പ്രതികരിക്കാനാവാതെ വാഴത്തടിപോലെ വെള്ളവിരിപ്പിനടിയില്‍ കിടക്കുന്നു.....ശവമായി.....



© saboose



Post a Comment

  © Blogger template On The Road by Ourblogtemplates.com 2009

Back to TOP